തിങ്കളാഴ്ചയാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്ത ട്വിറ്ററിൽ വൈറലായത്. രാത്രിയോടെ താരം വാർത്ത തെറ്റാണെന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും സമയമാകുന്പോൾ താൻ തന്നെ വിവരം നേരിട്ട് അറിയിക്കുമെന്നുമാണ് തൃഷ അറിയിച്ചത്.
എന്നാൽ തൃഷയുടെ വിവാഹനിശ്ചയ വാർത്ത സത്യമാണെന്നാണ് തെന്നിന്ത്യൻ നായികമാരിൽ ഒരാളായ റായി ലക്ഷ്മി ട്വീറ്റ് ചെയ്തത്. സത്യമായ ഒരു കാര്യത്തെപ്പറ്റി ഒരാൾ നുണ പറയുന്നത് കണ്ട് തനിക്ക് അത്ഭുതം തോന്നിയെന്നും വ്യക്തി ജീവിതത്തിലെ സത്യമായ കാര്യങ്ങളെ നിഷേധിക്കാതെ തുറന്നു പറയണമെന്നും റായി ലക്ഷ്മി പറഞ്ഞു.
മുന്പ് തെലുങ്ക് നടൻ റാണ ദഗുബതിയുമായി തൃഷയ്ക്ക് അടുപ്പമുണ്ടെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇരുവരെയും ഒരുമിച്ച് പല ചടങ്ങുകളിലും കണ്ടതോടെയാണ് ഗോസിപ്പുകൾ പുറത്തിറങ്ങിയത്. ഗൗതം മേനോന്റെ യെന്നൈ അറിന്താൾ എന്ന ചിത്രത്തിൽ അജിത് കുമാറിനൊപ്പമാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയം രവി നായകനാകുന്ന ഭൂലോകമാണ് തൃഷയുടെ അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.