ത്രീ ഇഡിയറ്റ്സിലെ ആമിർ ഖാന്റെ കഥാപാത്രം തന്റെ ജീവിതകഥയെന്ന വിധു വിനോദ് ചോപ്ര

ത്രീ ഇഡിയറ്റ്സിലെ ആമിർ ഖാന്റെ റാഞ്ചോഡ്ദാസ് ശ്യാമൾദാസ് ചാഞ്ചഡ് എന്ന കഥാപാത്രം തന്റെ ജീവിതകഥയെന്ന്
ചിത്രത്തിന്റെ നിർമാതാവ് വിധു വിനോദ് ചോപ്ര. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ താൻ ഒരിക്കലും ക്ളാസുകളിൽ കയറാൻ താൽപര്യം കാട്ടിയിട്ടില്ലെന്നും ഫൈനൽ പരീക്ഷയിൽ തോൽക്കുകയായിരുന്നുവെന്നും പറഞ്ഞു. തന്റെ ചിത്രം ഒാസ്കാറിന് നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടുകാർ വിളിച്ച് സർട്ടിഫിക്കറ്റ് തരികയായിരുന്നു. ഗോവ ചലച്ചിത്രമേളയിൽ എൻ.എഫ്.ഡി.സിയുടെ ഫിലിംബസാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ഒരു ഡോക്ടറായി കാണാനായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. തന്റെ ആഗ്രഹം ഒരു ഫിലിം മേക്കറാകാനും. മെഡിക്കൽ എൻട്രൻസിൽ തോൽക്കാൻ താൻ പരീക്ഷ പൂർത്തിയാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചിത്രം ഒാസ്കാറിന് നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ തന്നെ അഭിനന്ദിക്കുമെന്ന പ്രതീക്ഷയിൽ പിതാവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ ‘നീയെന്നെ പറ്റിച്ചു’വെന്നായിരുന്നു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
ത്രീ ഇഡിയറ്റ്സ് കണ്ടശേഷം തന്റെ മകൾ മാധ്യമ പഠനം ഉപേക്ഷിച്ച് ഒരു നർത്തികയാവുകയെന്ന സ്വപ്നം തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രം ഏറെപ്പേരുടെ ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്നതുകൊണ്ട് ‘ത്രീ ഇഡിയറ്റ്സ്’ ചൈനീസിലും, ഫ്രഞ്ചിലും ഇംഗ്ളീഷിലും എടുക്കുകയാണ് തന്റെ സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു.