തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക്

അഭിനേത്രിയായും നർത്തകിയായും ജനമനസുകൾ കീഴടക്കിയിരിക്കുകയാണ് ഷംന കാസിം
. മോളിവുഡ് വിട്ടാൽ പിന്നെ ഷംന പൂർണ്ണയാകും. പക്ഷേ, മലയാളികൾക്ക് ഷംന എന്നും ഷംന തന്നെയാണ്. തെന്നിന്ത്യയിലാകെ നിറഞ്ഞു നിൽക്കുകയാണെങ്കിലും ജൂലിയെ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ അവതരിപ്പിച്ച് കയ്യടി നേടിയ 'ചട്ടക്കാരി' എന്ന ഒരൊറ്റ സിനിമ മതി ഷംനയെ എല്ലാവരും ഓർത്തിരിക്കാൻ..

കൈനിറയെ ചിത്രങ്ങൾതെലുങ്കിലാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത്. മൂന്നു പടങ്ങൾ ചെയ്തു കഴിഞ്ഞു. രണ്ടെണ്ണത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ഇനിയും തെലുങ്കിലേക്ക് പ്രോജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. തമിഴിലും ഒരു സിനിമ റിലീസാകാനുണ്ട്.മലയാളത്തിൽ 'മിലി' എന്ന ചിത്രമാണ് റിലീസാകാനുള്ളത്, ഭാഗ്യം കൊണ്ട് കൈനിറയെ സിനിമകൾ ലഭിക്കുന്നുണ്ട്. എല്ലാ ഭാഗ്യവും എനിക്കെന്റെ ചിന്നാട്ടീസ് നൽകിയതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചിന്നാട്ടീസ് എനിക്കെല്ലാംചിന്നാട്ടീസ്എന്റെ വീടാണ്. രണ്ടു വർഷം മുമ്പാണ് ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയത്. അതിന് ശേഷമാണ് എനിക്ക് സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചത്. വീടിന്റെ പാലുകാച്ചലിന്റെ അന്നായിരുന്നു ഞാൻ ചട്ടക്കാരിയിൽ ഒപ്പു വയ്ക്കുന്നതു പോലും. പിന്നീട് , തമിഴിലും തെലുങ്കിലും ഒരുപാട് സിനിമകൾ ചെയ്യാൻ കഴിഞ്ഞു. കണ്ണൂരാണ് ഞങ്ങളുടെ തറവാട് വീട്. സിനിമയിൽ തിരക്കറിയപ്പോൾ അവിടെ നിന്നും കൊച്ചിയിലെ ഫ്‌ലാറ്റിലേക്ക് മാറി. കുറേ നാൾ ഫ്‌ലാറ്റിലായിരുന്നു താമസം. പിന്നീടാണ് സ്വന്തമായി കൊച്ചിയിൽ ഒരു വീട് വാങ്ങിയത്. ഇത്രയും നാൾ സിനിമയിൽ നിന്നിട്ട് സ്വന്തമായി എന്തെങ്കിലും സമ്പാദിക്കണ്ടേ? മമ്മിയാണ് ശരിക്കും നിർബന്ധിപ്പിച്ച് ഒരു വീട് വാങ്ങിപ്പിച്ചത്. അത് ശരിക്കും എനിക്ക് ഭാഗ്യം കൊണ്ടു തരികയായിരുന്നു. തിരക്കുകൾക്കിടയിൽ അധികസമയം എനിക്കിവിടെ ചിലവഴിക്കാൻ കഴിയുന്നില്ലെന്നതാണ് ആകെയുള്ള വിഷമം.

നൃത്തവും അഭിയനവും നൃത്തവും അഭിനയവും എനിക്കിന്ന് ഒരുപോലെ പ്രധാനമാണ്. മമ്മിയായിരുന്നു നൃത്തത്തിനോടുള്ള എന്റെ താൽപ്പര്യം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഭരതനാട്യം പഠിയ്ക്കാൻ തുടങ്ങി. അഭിനയത്തിൽ എപ്പോഴാണ് അവസരങ്ങൾ കുറയുന്നതെന്ന് പറയാൻ പറ്റില്ലല്ലോ. കിട്ടുന്ന സമയം അഭിനയത്തിനും പരിഗണന നൽകുന്നുണ്ട്. ഞാൻ വെറുമൊരു ഡാൻസർ ആയിരുന്നു എങ്കിൽ എനിക്ക് ഇത്രയും പബ്ലിസിറ്റി കിട്ടുമായിരുന്നില്ല. അതെനിക്കു തന്നത് ശരിക്കും സിനിമയാണ്. ഇന്ന് എനിക്ക് ഇത്രയധികം സ്റ്റേജ് ഷോകളിൽ തിളങ്ങാൻ കഴിയുന്നത് പോലും സിനിമ തന്ന ഭാഗ്യം കൊണ്ടാണ്.

ഷംനയും പൂർണ്ണയും ചിന്നാട്ടീസ്
എനിക്ക് മൂന്നു പേരുകളുണ്ട്. മലയാളത്തിൽ ഞാൻ ഷംന, തമിഴിലും തെലുങ്കിലും പൂർണ്ണ, വീട്ടിൽ ഞാൻ ചിന്നാട്ടീസ്. ആ പേരാണ് എന്റെ വീടിനും നൽകിയിട്ടുള്ളത്. ഷംന എന്ന പേര് തമിഴിൽ വിളിയ്ക്കാൻ ബുദ്ധിമുട്ട് ആയതു കൊണ്ട് മാത്രമാണ് മാറ്റിയത്. ന്യൂമറോളജി അനുസരിച്ചാണ് പൂർണ എന്ന പേര് സെലക്ട് ചെയ്തിരിക്കുന്നത്. പേര് മാറ്റിയതിനുശേഷം എനിക്കും കുറച്ച് മാറ്റങ്ങൾ ഉണ്ടായി.ഭാഗ്യങ്ങളൊക്കെ കൂടി. ഇവിടെ ഞാൻ ഇപ്പോഴും ഷംന കാസിം തന്നെയാണ്. പേര് ആദ്യമൊക്കെ അല്പം കൺഫ്യൂഷൻ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ എല്ലാവർക്കും അറിയാം ഞാൻ തന്നെയാണ് പൂർണ്ണയെന്നും ഷംനയെന്നും.

കുടുംബമാണ് ശക്തിഡാഡി കാസിം, മമ്മി റംലാബി. ഞങ്ങൾ അഞ്ച് മക്കളും ചേർന്നതാണ് കുടുവംബം. ഞാനൊഴികെ എല്ലാവരും വിവാഹിതരാണ്. സഹോദരങ്ങളും അവരുടെ മക്കളുമായി ഞങ്ങൾ ശരിക്കും അടിച്ചു പൊളിക്കുകയാണ്. ഒഴിവുസമയങ്ങളിലെല്ലാം അവർക്കൊപ്പം ചെലവഴിക്കാനാണ് എനിക്കിഷ്ടം.

ഗ്ലാമർ ആവശ്യത്തിന്കഥയ്ക്കനുസരിച്ച് ഗ്ലാമറസ് ആകുന്നതിൽ തെറ്റില്ല. കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ചെയ്യുന്നതിൽ എന്താണ് തെറ്റ്? ഞാൻ തമിഴിലും തെലുങ്കിലും അഭിനയിക്കുന്നത് കൊണ്ട് എല്ലാവരും വിചാരിക്കുന്നത് ഞാൻ അവിടെ വളരെ ഗ്ലാമറസായി അഭിനയിക്കുന്നുവെന്നാണ്. അവിടെ എനിക്ക് കിട്ടുന്ന വേഷങ്ങളധികവും സാരിയും ദാവണിയുമൊക്കെയാണ്.

ഗോസിപ്പുകൾക്ക് വിടഎന്റെ വിവാഹമായി എന്ന വാർത്ത ശരിയല്ല. രണ്ടു വർഷത്തിനുള്ളിൽ വിവാഹം ഉറപ്പായും ഉണ്ടാകും. പിന്നെ, പ്രണയം തകർന്നുവെന്ന വാർത്ത ഇപ്പോൾ പറഞ്ഞതല്ല. അത് പഴയകാര്യമാണ്. ഇപ്പോൾ വീണ്ടും അത് പ്രചരിപ്പിക്കേണ്ട ആവശ്യമില്ല. ഇന്നത്തെ കാലത്ത് പ്രണയമില്ലാത്ത ആളുകൾ ഉണ്ടാകില്ല. എനിക്കും അങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നു. അത് തുറന്നു പറഞ്ഞതിൽ എന്താണ് തെറ്റ്. ഇപ്പോൾ വിവാഹത്തെപ്പറ്റി ചിന്തിക്കുന്നില്ല. 2016 അവസാനത്തോടു കൂടി വിവാഹം ഉണ്ടാകും.
ഷംന എന്ന കലാകാരിമൂന്നാംക്ലാസ് മുതൽ ഞാൻ നൃത്തരംഗത്തുണ്ട്. സിനിമയിലേക്ക് എനിക്ക് അവസരങ്ങൾ തുറന്നു തന്നതു പോലും നൃത്തമാണ്. കണ്ണൂരിൽ ഞാൻ അറിയപ്പെടുന്ന നർത്തകിയാണ്. നൃത്തം തന്നെയാണ് എന്റെ ജീവൻ എന്നു വേണമെങ്കിൽ പറയാം. കുട്ടിക്കാലത്ത് നൃത്തം പഠിക്കാൻ കണ്ണൂരിൽ നിന്നും പോയ ഏക മുസ്ലീം പെൺകുട്ടി ഞാനായിരുന്നു. കണ്ണൂരാണ് എന്നിലെ കലാകാരിയെ വളർത്തിയത്.  ചട്ടക്കാരിയുടെ ആദ്യ മൂന്നുദിവസം കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷനും കണ്ണൂരിൽ നിന്നായിരുന്നു. അതുപോലെ തന്നെ റോളർസ്‌കേറ്റിംഗിലും ഞാൻ താരമായിരുന്നു. അതിലെനിക്ക് ദേശീയ അവാർഡും ലഭിച്ചിരുന്നു. സിനിമയിൽ തിരക്കേറിയതോടെ ഇപ്പോൾ സ്‌കേറ്റിംഗിലേക്ക് തിരിയാറില്ല.