ദിലീപിനൊപ്പം അനുശ്രീ

ഡയമണ്ട് നെക്‌ലേസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുശ്രീ.  ഇതിഹാസ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാള സിനിമയിൽ തന്റേതായൊരു
കയ്യൊപ്പ് പതിപ്പിച്ച നടിയായി മാറിയ താരത്തെ തേടി ഇപ്പോൾ നിരവധി അവസരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അടുത്തതായി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനുശ്രീ അഭിനയിക്കുന്നത്. ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപിന്റെ നായികാ വേഷമാണ് താരം അവതരിപ്പിക്കുന്നത്. ചെറുകഥാകൃത്തായ സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.ചിത്രത്തിൽ നായിക അനുശ്രീയാണെന്ന് സിദ്ധാർത്ഥ് സ്ഥിരീകരിച്ചു.  ചിത്രത്തെപ്പറ്റിയോ കഥാപാത്രത്തിന്റെ കൂടുതൽ വിശദാംശങ്ങളെപ്പറ്റിയോ ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രൊജക്ട് ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ്. ഷൂട്ടിംഗ് ജനുവരിയോടെ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി. ചിത്രത്തിന് ഇതു വരെ പേരിട്ടിട്ടില്ല.  കാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദും, സംഗീതം പ്രശാന്ത് പിള്ളയുമാണ്.പ്രിയനന്ദൻ സംവിധാനം ചെയ്യുന്ന ഞാൻ നിന്നോട് കൂടെയുണ്ട് എന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനയ് ഫോർട്ടിനൊപ്പം ഒരു കള്ളന്റെ വേഷമാണ് സിദ്ധാർത്ഥ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. സിദ്ധാർത്ഥ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിദ്ര ആയിരുന്നു. സിനിമാ നിരൂപകർ നല്ല അഭിപ്രായം പറഞ്ഞിരുന്നെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയില്ല.