തെന്നിന്ത്യൻ താരം പ്രിയാമണിയെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകളാണ് അടുത്തിടെയായി കേട്ടുകൊണ്ടിരുന്നത്. എന്നാൽ ഇതു വരെ അതെല്ലാം നിഷേധിച്ചു കൊണ്ടിരുന്ന താരം ഇപ്പോൾ താൻ ഒരാളുമായി പ്രണയത്തിലാണെന്ന്
തുറന്നു സമ്മതിച്ചിരിക്കുകയാണ്.
ഒരു മലയാളം ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജായ പ്രിയാമണിയേയും ആ പരിപാടിയുടെ അവതാരകനായ ഗോവിന്ദ് പത്മസൂര്യയേയും ചേർത്താണ് ഗോസിപ്പുകളിറങ്ങിയത്. ഗോവിന്ദിനെ ഷോയുടെ സെറ്റിൽ വച്ചാണ് ആദ്യമായി കാണുന്നതെന്ന് പത്മപ്രിയ പറഞ്ഞു. ആ ഷോയിലുള്ള എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിയുന്നത്. തങ്ങൾ ഒരുമിച്ചുള്ള ധാരാളം ചിത്രങ്ങളെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താനെന്നും അങ്ങനെ സെറ്രിൽ വച്ച് പത്മസൂര്യയോടൊപ്പം എടുത്ത ചിത്രമാണ് ഗോസിപ്പുകൾക്ക് കാരണമായത്. ഗോവിന്ദും താനും നല്ല സുഹൃത്തുക്കളാണെന്ന് പ്രിയാമണി വ്യക്തമാക്കി.അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യം വ്യക്തമാക്കിയത്. താനൊരാളുമായി പ്രണയത്തിലാണ്. എന്നാൽ മറ്റെല്ലാവരും കരുതുന്നതു പോലെ അത് ഗോവിന്ദ് പത്മസൂര്യയല്ലെന്ന് താരം വെളിപ്പെടുത്തി. ശരിയായ സമയത്ത് താൻ തന്നെ ആ കാര്യം വെളിപ്പെടുത്തുമെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.അംബരീഷ എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അൽപ്പം വില്ലത്തരമൊക്കെ കൈയിലുള്ള കഥാപാത്രമായതിനാൽ ചിത്രത്തിലെ നായകനായ ദർശന്റെ ആരാധകരുടെ പ്രതികരണം എന്തായിരിക്കുമെന്ന കാര്യത്തിൽ കുറച്ച് ആശങ്കയിലാണ് താനെന്ന് പ്രിയാമണി പറയുന്നു. വളരെ അഹങ്കാരിയായ സ്മിത എന്ന എൻ.ആർ.ഐയുടെ വേഷമാണ് ചിത്രത്തിൽ പ്രിയ അവതരിപ്പിക്കുന്നത്. ഒരു കൺസ്ട്രക്ഷൻ കന്പനി ഉടമയുടെ കൊച്ചു മകളാണ് സ്മിത. പണത്തിന് പ്രാധാന്യം കൊടുക്കുന്ന വളരെ കച്ചവട മനസ്ഥിതിയുള്ള സ്മിതയ്ക്ക് എല്ലാവരും അവൾ പറയുന്നത് കേൾക്കണമെന്ന മനോഭാവമാണുള്ളത്.ചിത്രത്തിലെ നായകനായ ദർശനുമായി പല തവണ ചിത്രത്തിൽ സ്മിത ഏറ്റുമുട്ടുന്നുണ്ട്. നിരവധി പഞ്ച് ഡയലോഗുകൾ ചിത്രത്തിലുണ്ടെന്ന് പ്രിയ പറഞ്ഞു. വാക്കുകൾ കൊണ്ടുള്ള യുദ്ധം ഉള്ളതിനാൽ തന്നെ ദർശന്റെ ആരാധകർക്ക് അതൊക്കെ ഇഷ്ടപ്പെടുമോ എന്നാണ് പ്രിയയുടെ സംശയം. പടയപ്പ എന്ന ചിത്രത്തിലെ നീലാംബരി എന്ന കഥാപാത്രവുമായി തന്റെ കഥാപാത്രത്തിന് ചില സാമ്യമൊക്കെയുണ്ടെന്നും പ്രിയാമണി വ്യക്തമാക്കി.