ലിംഗ കോപ്പിയടിച്ചതെന്നു പരാതി

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ലിംഗ കോപ്പിയടിച്ചതാണെന്നു
പരാതി. മുല്ലൈ വനം 999 എന്ന ചിത്രത്തിന്റെ നിർമാതാവ് കെ.ആർ. രവി രത്തിനമാണ് ലിംഗക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പരാതിയിൽ മദ്രാസ് ഹൈക്കോടതി ലിംഗയുടെ നിർമാതാവും സംവിധായകനുമായ കെ.എസ്. രവികുമാറിനെതിരെ നോട്ടീസ് അയച്ചു. ഈ മാസം 19 ന് നോട്ടീസിനു മറുപടി നൽകാനാണ് കോടതി നിർദേശം.
മുല്ലൈ വനം 999 എന്ന തന്റെ ചിത്രത്തിന്റെ പൂജ ഫെബ്രുവരി 24 ന് നടന്നിരുന്നതായി രവി രത്തിനം പറയുന്നു, പൂജ ചടങ്ങും ചിത്രത്തിന്റെ ടീസറും യു ട്യൂബിൽ അപ് ലോഡ് ചെയ്തു. ഇതിൽ നിന്നാണ് കെ.എസ്. രവികുമാർ കഥ മോഷ്ടിച്ചതെന്ന് പരാതിയിൽ പറയുന്നു. മുല്ലൈ വനം പുതുവർഷത്തിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. അതിനു മുൻപ് ലിംഗ പുറത്തിറങ്ങുന്നത് തന്റെ ഭാവി തകർക്കുമെന്നും രവി രത്തിനം പറയുന്നു. ലിംഗയുടെ റിലീസിങ് തടയണമെന്നാണ് രവി രത്തിനത്തിന്റെ ആവശ്യം.